“മരണാനന്തരം” എന്ത് എന്ന് ചിന്തിക്കുന്ന നമ്മൾക്ക് മരണശേഷം നമ്മളെ എങ്ങിനെ ഉപകരിക്കാം എന്ന ആശയത്തോടെ എന്റെനയും ഭാര്യയുടെയും ആശയത്തില്‍ നിന്ന് ഉടലെടുത്ത് കൊണ്ട് രൂപം കൊടുത്തിരിക്കുന്ന ഒരു വെബ്സൈറ്റാണ് “മരണാനന്തരം.”
ഈ വെബ്സൈറ്റ്പൂർണതയുള്ളതാണെന്ന് അവകാശപ്പെടുന്നില്ല. ഇതില്‍ ഞങ്ങളുടെ ചെറിയ അറിവുകള്‍ സ്വരൂപിച്ച വിവരങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ വിവരങ്ങളും നിർദ്ദേശങ്ങളും ഈ സൈറ്റ് സന്ദ൪ശിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കുകയും അത് സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഇതില്‍ സാധാരണക്കാരായ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് ഉപകാരപ്രദമായിട്ടാണ് ഓരോ കാര്യവും വ്യക്തമാക്കിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു അവയവം ദാനം ചെയുവാൻ ഉദ്ദേശിക്കുന്ന ഓരോ കേരളീയനും അറിയുവാനും അതിന്റെ ഓരോ സാധ്യതകളും മറ്റ് ഉത്തരവുകളും പരമാവധി മലയാള ഭാഷയിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൈദ്യശാസ്ത്രനാമങ്ങളും അതിനോടനുബന്ധിച്ച മറ്റ് ചില വിഷയങ്ങളും ഇംഗ്ലീഷിൽ രേഖപെടുത്തിയതൊഴിച്ചാൽ മലയാളം അറിയുന്ന ഏതൊരാൾക്കും മനസ്സിലാകത്തക്ക വിധത്തിലാണ് മൊഴി മാറ്റം നടത്തിയിട്ടുള്ളത്. അവയവമാറ്റം സംബന്ധിച്ച വിഷയങ്ങളിൽ ശാസ്ത്രീയമായോ ഔദ്യഗികമായോ സംശയങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് അധികാരികളും ഡോക്ടർമാരുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
ഇതിൽ പ്രതിബാധിച്ചിരിക്കുന്ന ഓരോ വിഷയങ്ങളും ഉത്തരവുകളും കേരളസർക്കാരിനോടും കേരളാ നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങ് (KNOS) ദേശീയ അവയവ, ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനോടും (NATIONAL ORGAN TISSUE TRANSPLANT ORGANISATION-NOTTO) കടപ്പെട്ടിരിക്കുന്നു.
പ്രധാനമായി നേത്രദാനം നൽകുവാന്‍ ഉദ്ദേശിക്കുന്നവർക്കും മരണാനന്തരം മൃതശരീരം ദാനം നൽകുവാന്‍ ആഗ്രഹിക്കുന്നവർക്കും നിർഭാഗ്യവശാൽ മസ്തിഷ്‌ക മരണം സംഭവിച്ചാൽ അവയവദാനം ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്കും അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അതിന്റെ ഫോറങ്ങളും ആണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
ഇന്ന് ലോകത്ത് പലരോഗങ്ങൾക്കും ജീവൻ നിലനിർത്താൻ പരിഹാരമായി അവയവങ്ങൾ മറ്റുള്ളവരിൽ നിന്ന് മാറ്റിവെയ്ക്കുകയാണ് അതിന് രണ്ട് വിധത്തിൽ അവയവങ്ങൾ ലഭിക്കുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സ്വമനസ്സാലുള്ള അവദാനത്തിലൂടെ ലഭിക്കുന്നു, മറ്റൊന്ന് മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ബന്ധുക്കളുടെ കാരുണ്യത്തിൽ മഹത്തായ ദാനത്തിലൂടെ അവയവങ്ങൾ ലഭിക്കുകയും അത് ചുരുങ്ങിയത് അഞ്ചിൽ കൂടുതൽ പേരുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്നു. ഇങ്ങിനെ അവയവദാന ചെയുവാൻ ഉദ്ദേശിക്കുന്നവർക്കും പ്രയോജകരമായ പലകാര്യങ്ങളും സംശയദൂരീകരണമടക്കം ഈ വെബ്‌സൈറ്റിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്.
ലോകത്തിന് മുന്നില്‍ എന്നും നമ്മള്‍ മലയാളികള്‍ ശാസ്ത്രസാങ്കേതികപരമായും വിദ്യഭ്യാസപരമായും മറ്റ് മേഖലയിലും ഉന്നത നിലവാരം പുലർത്തുന്നവരാണ്. അതില്‍ ഓരോ മലയാളിക്കും അഭിമാനം കൊള്ളാം. പക്ഷേ അപൂ൪വ്വ൦ ചില കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ചെറിയ ഒരു ഉദാഹരണം: മറ്റ് രാജ്യങ്ങളില്‍ 1000–ല്‍ 3 പേർക്ക് കാഴ്ച്ചക്കുറവ് സംഭവിക്കുമ്പോള്‍ ഇന്ത്യയില്‍ 1000 –ല്‍ 14 ല്‍ അധികം പേര്‍ അന്ധതയുള്ളവരാണ് എന്ന് കാണാം. നേത്രദാനമാണ് ഈ അവസ്ഥ മാറ്റുന്നതിനുള്ള ഒരു പോംവഴി. നേത്രദാനം എന്ന മഹാസംരഭത്തിലൂടെ മരണാനന്തരം ദാന൦ ചെയ്യുന്ന നേത്രപടലം ഉപയോഗിച്ച് അന്ധതയുള്ളവര്ക്ക് അതില്‍ നിന്ന് മോക്ഷം നൽകുവാൻ സാധിക്കും. മരണശേഷം ആ പരേതാത്മാവിനെ വേണ്ട വിധം ഉപകരിക്കുവാന്‍ വീണ്ടും അവസരം കിട്ടുന്നത് വെറും ആറ് മണിക്കൂറുകള്‍ മാത്രം. ദൈവികമായി ചിന്തിച്ചാല്‍ ദൈവം ഒരു സൽകർമ്മം ചെയ്യുവാന്‍ വേണ്ടി ഒരു അവസരം ജീവിച്ചിരിക്കുന്ന നമ്മൾക്ക് തരുന്നതായിരിക്കാ൦, അല്ലെങ്കില്‍ ശാസ്ത്രീയമായി ചിന്തിക്കുന്നവർക്കും ശാസ്ത്രം തന്നെ മനുഷ്യസ്നേഹികൾക്ക് അവസാന ആറ് മണിക്കൂറുകള്‍ തന്നതായിരിക്കും. ഈ ആറ് മണിക്കൂറിനുള്ളില്‍ നമ്മൾക്ക് രണ്ടു പേർക്ക് കാഴ്ച നല്കി് പരേതാത്മാവിനോടുള്ള ഏറ്റവും വലിയ കർമ്മം ചെയ്യാം. വിദേശരാജ്യങ്ങളില്‍ നേത്രദാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതു കൊണ്ടാണ് അവിടെ അന്ധതയുടെ ശതമാനം കുറയുവാൻ കാരണം എന്ന് സാക്ഷരകേരളം ഓർക്കണം. നേത്രദാനം പ്രോത്സാഹിപ്പിച്ച് കൊണ്ട് കേരളത്തെ ഇന്ത്യയിലെ തന്നെ ഒരുമാത്യക സംസ്ഥാനമാക്കി മാറ്റണം വെറുതെ വേദികൾ അലങ്കരിക്കുവാന്‍ സമ്മതപത്രം നൽകി പിന്മാറരുത്. മരിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ നേത്രങ്ങള്‍ അന്ധത അനുഭവിക്കുന്ന ഒരാൾ എങ്കിലും വെളിച്ചം (രണ്ട് പേർക്ക് കാഴ്ച്ചകിട്ടുമെന്നുള്ള കാര്യം മറക്കുന്നില്ല) കിട്ടുവാന്‍ ഉപകരിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ അത് നടന്നിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ ഉറ്റവരോടും സുഹൃത്തുകളോടും നിങ്ങളുടെ ആഗ്രഹത്തെപ്പറ്റി ഓർമ്മപ്പെടുത്തുക. നിർഭാഗ്യവശാൽ നിങ്ങളുടെ ബന്ധുവോ സുഹൃത്തോ മരിച്ചാല്‍ അവരുടെ നേത്രങ്ങള്‍ ദാനം നൽകുന്നതിന് സാക്ഷ്യം വഹിക്കുക മറ്റുള്ളവരെ നേത്രദാനത്തിന് പ്രോത്സാഹിപ്പിക്കുക.
നേത്രദാനത്തെ പോലെ തന്നെയാണ് മൃതശരീരം പഠനാവശൃത്തിന് ദാനം നൽകുന്നതും. ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുവാൻ മരിച്ചവർക്കും ഒരു അവസരം.കൂടാതെ ചിലസന്ദർഭങ്ങളില്‍ മരണത്തെ അഭിമുഖകരിച്ച് കിടക്കുന്ന രോഗിയെ രക്ഷിക്കുവാനും സാധിക്കുന്നു. അതായത് ചിലരോഗികളെ അപൂർവ്വമായ ശാസ്ത്രക്രിയയിലൂടെ ജീവതം തിരിച്ചു കിട്ടുവാന്‍ വിദ്ഗദ്ധഡോക്ടര്മാർ പോലും മൃതശരീരത്തില്‍ പഠിച്ച് വന്നതിന്ശേഷമാണ് രോഗിയുടെ ജീവന്‍ നിലനിർത്തുവാനുള്ള ശാസ്ത്രക്രിയ നടത്തുന്നത്. ആധുനിക ആയൂർവേദ ചികിത്സരംഗത്ത് പഠനത്തിനായി മൃതശരീരത്തിന്റെ ആവശ്യകതയെ കുറിച്ച് ഒരു പക്ഷെ പലർക്കും അറിയുന്നില്ല. ആയൂർവേദപഠന വിദ്യാര്ത്ഥികൾക്ക് ആവശ്യമായ ശരീരത്തിന്റെ ലഭ്യത വളരെ കുറവാണെന്ന് നമ്മള്‍ മനസ്സിലാക്കണം.
നല്ല ഒരു ആരോഗ്യസമൂഹത്തിനായി നമ്മൾക്ക് ഒരുമിച്ച് കൈകോർക്കാം. ഒന്നും നഷ്ടപ്പെടാതെ മനുഷ്യനന്മയ്ക്കായി ഈ മനുഷ്യജന്മം ഇവിടെ മറ്റ് ഒരു ജീവിതം നിലനിൽക്കുവാൻ “മരണാനന്തരം” ഉപയോഗ പ്രദമാകട്ടെ എന്ന് ആശിച്ച് കൊണ്ട് ആശംസകളോടെ .
സ്നേഹാദരങ്ങളോടെ,
സുബേദാർ രാജൻ